ആദിവാസി ഒറ്റമൂലികൾ

വിശ്വാസത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ളതും പാരമ്പര്യമായി അനുവര്‍ത്തിച്ചു പോരുന്നതുമായ ക്രിയയെയാണ്

ആചാരം എന്ന് പറയുന്നത്.ആ നിലയ്ക്ക് ഗോത്ര വൈദ്യവും ആചാരത്തിലും പാരമ്പര്യത്തിലും ഉള്‍പ്പെട്ടതാണ്.

ഗോത്ര വൈദ്യം
ആദിവാസി ജീവിതത്തിന്റെ മറ്റൊരു പ്രത്യേകത അവരുടെ സമഗ്രമായ ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവാണ് . നൂറ്റാണ്ടുകളായി പ്രകൃതിയുമായി ഇണങ്ങി ജീവിച്ച ഗോത്രവർഗ്ഗക്കാർ പലതരം രോഗങ്ങളെ സുഖപ്പെടുത്തുന്ന വിവിധ സസ്യങ്ങളെ തിരിച്ചറിഞ്ഞു. അവയ്ക്ക് പാർശ്വഫലങ്ങളൊന്നുമില്ല. ഔഷധസസ്യത്തിങ്ങൾ ഉപയോഗിച്ചുള്ള ഒറ്റമൂലി പ്രയോഗങ്ങൾ ഇന്ന് ഈ ലോകത്ത്‌ കൂടുതൽ ശ്രദ്ധ നേടുന്നു, കൂടാതെ കൂടുതൽ കൂടുതൽ ആളുകൾ, ആദിവാസി വിഭാഗത്തിൽ പെട്ടവർ മാത്രമല്ല, പരിഷ്കൃത ലോകത്തിൽ നിന്നുള്ളവരും മരുന്ന് കഴിക്കുന്നതിനായി ആദിവാസി വൈദ്യന്മാരെ സമീപിക്കുന്നു. രോഗം ഭേദമാക്കാനുള്ള അവരുടെ സമീപനം മരുന്ന് കഴിക്കുന്നത് മാത്രമല്ല, അതിനൊപ്പം ചില ഭക്ഷണക്രമങ്ങളും പാലിക്കുകയും ചെയ്യുന്നു. രോഗങ്ങളുടെ തരം അനുസരിച്ച് ജീവിതശൈലിയിൽ ചില മാറ്റങ്ങളും അവർ നിർദ്ദേശിച്ചേക്കാം. രോഗം സ്വാഭാവികമായും സാര്‍വത്രികവുമാണ്, എല്ലാ ജന സാമാന്യങ്ങള്‍ക്കിടയിലും അവയെ മാറ്റുന്നതിന് ഏഏതെങ്കിലും തരത്തിലുള്ള ഉപാധികള്‍ ഉണ്ടായിരിക്കും. ഓരോ രോഗത്തെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും ജനങ്ങള്‍ക്ക് ചില വിശ്വാസങ്ങളുണ്ട്. ഈ വിശ്വാസങ്ങള്‍ക്കനുസരിച്ച് അവയെ മാറ്റുന്നതിന് സവിശേഷങ്ങളായ രീതികളുണ്ടായിരിക്കും. രോഗത്തെക്കുറിച്ചുള്ള ധാരണ, രോഗം മാറ്റാനുള്ള മരുന്നിനെക്കുറിച്ചുള്ള അറിവ് ഇതാണ് ഏതു വൈദ്യത്തിന്റെയും അടിസ്ഥാന ഘടകങ്ങള്‍.ഗോത്ര വൈദ്യത്തെ സംബന്ധിച്ചും ഇതു തന്നെയാണ് യാഥാര്‍ത്ഥ്യം

കേന്ദ്രീകൃതമായിട്ടുള്ളതോ, സംഘടിതമോ ആയ അറിവുകളോ അതിനെ മുന്‍നിര്‍ത്തി കൊണ്ടുള്ള ചികിത്സാ വഴക്കങ്ങളൊന്നും ആദിവാസി വൈദ്യത്തില്‍ കാണാന്‍ സാധിക്കില്ല പ്രകൃതിയുമായി നിരന്തരമായുള്ള പാരസ്പര്യത്തില്‍ നിന്ന് രൂപപ്പെടുന്ന പ്രായോഗികമായ അറിവുകളാണ് ഇവരുടെ ചികിത്സയുടെ അടിത്തറ. പൂര്‍ണ്ണമായും അനുഭവ സിദ്ധമായ അറിവുകള്‍ സ്വന്തം ജീവിത പരിസരവുമായി ആഴത്തിലുള്ള സമ്പര്‍ക്കത്തില്‍ നിന്നുണ്ടാകുന്ന ചില യാദൃശ്ചികതകളോ, ഉള്‍വിളികളോ ആണ് മിക്കപ്പോഴും ഒരു മരുന്നിന്റെ കണ്ടെത്തലിലേക്ക് വഴി ഒരുക്കുന്നത്. ഒപ്പം ഔഷധസസ്യങ്ങളുടെ ബാഹ്യരൂപം അവ കാണപ്പെടുന്ന ഇടത്തിന്റെ സവിശേഷത തുടങ്ങിയ ചില അടയാളങ്ങള്‍ക്കനുസരിച്ച് അവയുടെ രോഗശമന ശേഷിയെക്കുറിച്ചുള്ള യുക്തിയും രൂപപ്പെടുന്നു. അത് ഓരോ വൈദ്യന്റെയും തനതായ ചികിത്സാവിധികള്‍ ആയി പരിണമിക്കുന്നു.ലീഖിത രൂപങ്ങള്‍ ഇല്ലാത്ത ഈ അറിവുകള്‍ വാമൊഴിയായി പിന്നീടു തലമുറകളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു.

Leave a Reply

Your email address will not be published. Required fields are marked *